കോവിഡുകാലവും വയോജനങ്ങളുടെ മാനസികാരോഗ്യവും
നഗരത്തിലെ ഒരു മാനസികാരോഗ്യവിദഗ്ദ്ധനെ തേടി ഒരു കോള്‍ വരുന്നു. എഴുപതു വയസ്സുള്ള ഒരു വൃദ്ധനാണ്. ഒരു ഫ്ലാറ്റില്‍ ഒറ്റയ്ക്ക് കഴിയുകയാണ്. തൊട്ടടുത്ത ഫ്ലാറ്റില്‍ത്തന്നെയുള്ള അദ്ദേഹത്തിന്‍റെ അതേ പ്രായമുള്ള അടുത്ത ചങ്ങാതി കോവിഡ് വന്ന് മരണപ്പെട്ടു. മരിച്ചയാളുടെ ആകെയുള്ള ഒരു മകന്‍ വിദേശത്താണ്. കോവിഡ് പ്രോട്ടോക്കോള്‍ കാരണം മകന് വരാന്‍ പറ്റിയില്ല. എന്നുമാത്രമല്ല ആര്‍ക്കും ആശുപത്രിയിലേയ്ക്ക് പോകാനും പറ്റിയില്ല. ഇത് അറിഞ്ഞതോടെ ഈ വൃദ്ധന്‍ മാനസികമായി ബുദ്ധിമുട്ടിലായി. അദ്ദേഹത്തിന്‍റെയും രണ്ടുമക്കളും വിദേശത്താണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് മക്കള്‍ എത്തില്ലല്ലോ എന്ന ചിന്ത കൂടിക്കൂടി അദ്ദേഹത്തിന് ആധിയായി. ഉറക്കം നഷ്ടപ്പെട്ടു. മാനസികാരോഗ്യം തകരാറിലായി. അങ്ങനെയാണ് ആശ്വാസത്തിനുവേണ്ടി മാനസികാരോഗ്യവിദഗ്ദ്ധനെ വിളിയ്ക്കുന്നത്.
ഇതൊരു ഒറ്റപ്പെട്ട സംഭവമോ അനുഭവമോ അല്ല. കോവിഡ് കാലം മാനസികമായി തളര്‍ത്തിയവരില്‍ ഇതുപോലെ ഒരുപാട് വയോജനങ്ങളുണ്ട്. സമൂഹത്തിലെ ഏറ്റവും ദുര്‍ബ്ബലരായ ഒരു വിഭാഗമാണ് മുതിര്‍ന്ന പൗരന്മാര്‍. കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്നവരാണ് ഇവരില്‍ പലരും. പലരും ലോക്ക് ഡൗൺ വന്നതോടെ വീടുകളില്‍ ഒറ്റപ്പെട്ടു. ജോലിയും ക്ലാസ്സുകളും എല്ലാം വീടുകളിലായതോടെ കുടുംബാംഗങ്ങളുടെ തിരക്കുകളില്‍ അവഗണിയ്ക്കപ്പെടുന്ന ഒരു കൂട്ടർ. രോഗം വരുമോ എന്നുള്ള ആധിയും ഭീതിയുമായി മറ്റു ചിലര്‍. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പ്രിയപ്പെട്ടവര്‍ക്ക് പോലും ഒന്ന് കാണാനോ എത്താനോ കഴിയില്ലല്ലോ എന്ന സങ്കടം വേറെ ചിലര്‍ക്ക്. ഇങ്ങനെ പലവിധ മാനസിക ബുദ്ധിമുട്ടുകളിലൂടെയാണ് മുതിര്‍ന്ന പൗരന്മാര്‍ കടന്നുപോകുന്നത്.
കേരളത്തില്‍ നാല്‍പ്പത്തിയെട്ടു ലക്ഷം സീനിയര്‍ സിറ്റിസന്‍സ് ഉണ്ടെന്നാണ് കണക്ക്. ഇവരില്‍ പലരും മക്കളും മക്കളുടെ മക്കളുമായി മൂന്നു തലമുറയെ കണ്ടവരാണ്. അറുപതു വയസ് കഴിഞ്ഞിട്ടും തൊഴില്‍ ചെയ്ത് കുടുംബം പുലര്‍ത്തുന്നവരുണ്ട്. അങ്ങനെയുള്ളവരുടെ എണ്ണം കേരളത്തില്‍ കൂടുതലാണ്. അവരെ സംബന്ധിച്ച് തൊഴില്‍ നഷ്ടപ്പെടുന്നതിന്‍റെ ആശങ്കയാണ് പ്രധാനമായും. നാട്ടിലെത്തേണ്ട പ്രിയപ്പെട്ടവര്‍ക്ക് വരാന്‍ പറ്റാത്തത് കാരണം അവരെ കാണാൻ ആകാത്തത് മൂലമുള്ള വിഷമം മറ്റുചിലര്‍ക്ക്. ലോക്ക് ഡൗണ്‍ കാരണമുള്ള ഒറ്റപ്പെടല്‍ വേറെ. വീട്ടില്‍ ആളുകള്‍ ഉള്ളപ്പോള്‍ പോലും കോവിഡ് കാലത്ത് വന്ന പ്രത്യേക സാമൂഹിക പരിതസ്ഥിതി മുതിര്‍ന്ന പൗരന്മാരെ വിഷാദത്തിന്റെ വക്കില്‍ വരെയെത്തിയ്ക്കുന്നുണ്ട്. മക്കള്‍ തിരക്കിലാണ്. കൊച്ചുമക്കള്‍ ഓണ്‍ലൈന്‍ ക്ലാസ്സിലാണ്. മിണ്ടാനും പറയാനും ആളില്ല. വളരെ ആക്റ്റീവ് ആയിരുന്ന മുതിര്‍ന്ന പൗരന്മാര്‍ പലരും പുറത്ത് പോകാന്‍ കഴിയാതെ വരുന്നതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലാകുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍പ് പല സ്ഥലത്തും സമപ്രായക്കാരുടെ കൂട്ടായ്മയും സാമൂഹിക പ്രവര്‍ത്തനവുമൊക്കെയുണ്ടാകും. അതവരെ ആക്റ്റീവായി നിലനിര്‍ത്തിയിരുന്നു. ലോക്ക് ഡൗൺ വന്നതോടെ അതെല്ലാം മുടങ്ങിപ്പോയി. പെട്ടെന്ന് കേള്‍ക്കുന്ന സമപ്രയക്കാരുടെ മരണവാര്‍ത്തകള്‍ വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ എത്തിയ്ക്കുന്നുണ്ട് പലരേയും. ഒരു യാത്ര പോലും പറയാതെ, ഒന്ന് കൂട്ടം ചേര്‍ന്ന് പരസ്പ്പരം ഒന്ന് ആശ്വസിയ്ക്കാനാവാതെയുള്ള ഒരു നിസ്സഹായമായ അവസ്ഥയാണ് കൊറോണക്കാലം കൊണ്ടുവന്നത്.
ഈയൊരു സാഹചര്യത്തില്‍ പ്രത്യേകമായ കരുതലും പരിഗണനയും അര്‍ഹിക്കുന്നുണ്ട് മുതിര്‍ന്ന പൗരന്മാര്‍. മറ്റുള്ള പ്രായം കുറഞ്ഞ കുടുംബാംഗങ്ങള്‍ക്ക് മൊബൈൽ, നെറ്റ് തുടങ്ങിയ വിനിമയമാർഗങ്ങൾ ഉണ്ട്. ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് അറിവുകൾ ലഭിക്കുന്നുണ്ട്. മറ്റുള്ളവരുമായി പലതരത്തില്‍ എപ്പോഴും കണക്റ്റ് ആയിരിക്കുന്ന കൂട്ടായ്മകളുണ്ട്. മുതിര്‍ന്നവരെ സംബന്ധിച്ചിടത്തോളം ഇതൊന്നുമുണ്ടാവില്ല. അതവരെ ഒരുതരം ഒറ്റപ്പെടലിലേയ്ക്കും വിഷാദത്തിലേയ്ക്കും കൊണ്ടെത്തിയ്ക്കുന്നുണ്ട്. മാധ്യമങ്ങളിലൂടെയും വാട്സാപ്പ് പോലെയുള്ള സാമൂഹമാധ്യമങ്ങളിലൂടെയും പ്രചരിയ്ക്കുന്ന പല വാര്‍ത്തകളും ഈ ഭയത്തെ വര്‍ദ്ധിപ്പിയ്ക്കാന്‍ കാരണമാകുന്നുണ്ട്.
കോവിഡ് വരാതെ സൂക്ഷിയ്ക്കുക എന്നത് തന്നെയാണ് ആദ്യം ചെയ്യേണ്ടുന്ന കരുതല്‍. വീടുകളിൽ പുറത്തു പോയി വരുന്നവരുമായി സാധിക്കും വിധം അകലം പാലിക്കുക. സാധ്യമെങ്കിൽ വീടിനുള്ളിലും മാസ്ക്ക് ധരിക്കുക. പൊതുചടങ്ങുകളിലും ആൾക്കൂട്ടങ്ങളിലും പോകാതിരിക്കുക. കല്യാണങ്ങൾ തുടങ്ങിയവയിൽ ആളുകൾ കുറവാണെങ്കിൽ പോലും മുതിർന്ന പൗരന്മാർ പങ്കെടുക്കാതിരിക്കുന്നതാകും അഭികാമ്യം. ആരാധനാലയങ്ങളിൽ പോകുന്നതും ഒഴിവാക്കണം. ജീവിതശൈലീ രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവർ മരുന്ന് മുടങ്ങാതെ ശ്രദ്ധിക്കുക. കൂടെക്കൂടെ മരുന്ന് വാങ്ങാൻ പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കാൻ ഒന്നോ രണ്ടോ മാസത്തെ മരുന്നുകൾ വാങ്ങി വെക്കുന്നത് ഉചിതമാണ്. അല്ലെങ്കിൽ കുടുംബാംഗങ്ങളെ കൊണ്ടോ മാറ്റാരുടെയെങ്കിലും സഹായത്താലോ എത്തിക്കാൻ ശ്രമിക്കാവുന്നതാണ് .
അത്യാവശ്യ സാഹചര്യങ്ങളിൽ ഒഴിച്ച്, ആശുപത്രി സന്ദർശനം പരിമിതപ്പെടുത്തുക. ടെലി മെഡിസിൻ സേവനങ്ങൾ ഉപയോഗപ്പെടുത്തുക. ഇ- സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്തുക. അത്യാവശ്യം ഇല്ലാത്ത സർജറികൾ ഡോക്ടറുടെ അഭിപ്രായം ചോദിച്ചതിന് ശേഷം കുറച്ചു കാലത്തേക്ക് നീട്ടി വെക്കാവുന്നതാണ്.ധാരാളം വെള്ളം കുടിക്കുക. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുക.പതിവായി ചെയ്യുന്ന വ്യായാമങ്ങൾ വീടിനുള്ളിലും തുടരുക.വാർത്താമാധ്യമങ്ങളിലൂടെ നിരന്തരം കോവിഡ് വാർത്തകൾ മാത്രം ശ്രദ്ധിക്കാതിരിക്കുക. പ്രായമായവരുടെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ അവര്‍ സ്വയവും കുടുംബാംഗങ്ങളും ശ്രദ്ധിയ്ക്കേണ്ടതുണ്ട്.
പുറത്ത് ലോക്ക് ഡൗണ്‍ വന്നോട്ടെ, പക്ഷെ മനസ്സ് ലോക്ക് ഡൗണ്‍ ആകാന്‍ അനുവദിയ്ക്കാതിരിയ്ക്കുക. പുറത്തിറങ്ങാതെ തന്നെ കഴിയുന്നത്ര ഉന്മേഷം നല്‍കുന്ന വൈവിദ്ധ്യമാര്‍ന്ന കാര്യങ്ങള്‍ ചേര്‍ത്ത് നല്ലൊരു ദിനചര്യ ഉണ്ടാക്കിയെടുക്കുക. ശ്വസനവ്യായാമം, യോഗ പോലെയുള്ളവ പരിശീലിയ്ക്കാം. മുറ്റത്തും സ്വന്തം പുരയിടത്തിലും ഉള്ള നടത്തം , ചെടികളുടെ സംരക്ഷണം പച്ചക്കറി തോട്ടം, വളർത്തു മൃഗങ്ങളുടെ പരിപാലനം ഇവയിൽ ഏർപെടുന്നത് ആരോഗ്യകരമായ സമയം ചിലവാക്കുന്നതിനും ഉല്ലാസത്തിനും ശാരീരിക മാനസിക ആരോഗ്യത്തിനും ഉതകുന്നതാകും. നല്ല പുസ്തകങ്ങൾ വായിക്കുക. സ്വന്തം ജീവിതാനുഭവങ്ങൾ എഴുതി വക്കുക. കഥകളും നാട്ടറിവുകളും അനുഭവങ്ങളും ഇടയ്കിടയ്ക് കൊച്ചുമക്കളുമായി പങ്ക് വയ്ക്കുക .
ഭാവനപരിപാലനത്തിനുള്ള പരിശീലനം കൊച്ചുമക്കൾക്ക് പരിശീലനം നൽകുക. ഇവയൊക്കെ അവരുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും അർത്ഥവത്തായ സമയം ചെലവഴിക്കലിനും സഹായിക്കും .
അധ്യാത്മിക കാര്യങ്ങളിൽ താല്പര്യമുള്ളവർ കുടുംബപ്രാർത്ഥനയ്ക്കും പ്രഭാത സന്ധ്യ പ്രാർത്ഥനകൾക്ക് നേതൃത്വം കൊടുക്കുകയും ചുരുങ്ങിയ വാക്കുകളിൽ ആത്മീയ ധാർമിക പുസ്തകങ്ങൾ പങ്ക് വയ്ക്കുന്ന ആശയങ്ങൾ കുട്ടികളിലേക്ക് പകരാൻ ഇത്തരം സന്ദർഭങ്ങൾ സഹായകരമാകും . സ്വകാര്യ പ്രാർത്ഥനകളും ധ്യാനങ്ങളും പ്രതിസന്ധിയെ പ്രത്യാശയോടെ നേരിടാൻ സഹായമാകും.
നല്ല ഓര്‍മ്മകളെ ക്ഷണിച്ച് വരുത്തി നെഗറ്റീവ് ചിന്തകളെ അകറ്റി നിര്‍ത്താം. ഇഷ്ടമുള്ള പാട്ട്,സിനിമ എന്നിവ ആസ്വദിയ്ക്കാം. വീട്ടിലെല്ലാവരും പരസ്പരം കരുതലോടെ പെരുമാറുക. പോസിറ്റീവ് കാര്യങ്ങള്‍ ചിന്തിയ്ക്കുക. നമുക്ക് നിയന്ത്രണമില്ലാത്ത കാര്യങ്ങളെക്കുറിച്ച് അമിതമായി ചിന്തിച്ച് വേവലാതിപ്പെടാതിരിയ്ക്കുക. മാനസിക സംഘർഷങ്ങൾ ഒഴിവാക്കാന്‍ ശ്രമിക്കാം. ശുഭാപ്തി വിശ്വാസമുള്ളവരായി തുടരുക. കൂടെ താമസമില്ലാത്ത മക്കൾ, പേരക്കുട്ടികൾ, മറ്റു ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരോട് ഫോൺ വഴി ബന്ധം പുലർത്തുക, വീഡിയോ കോൾ വഴി പരസ്പരം കാണുക, നല്ല കാര്യങ്ങൾ സംസാരിക്കുക.
വസ്തുതാവിരുദ്ധമായ വാട്സാപ്പ് സന്ദേശങ്ങള്‍ വായിച്ച് മനസ്സ് കലുഷിതമാക്കാന്‍ പോകരുത്.. മാധ്യമങ്ങളിലൂടെ പ്രചരിയ്ക്കുന്ന കണക്കുകളില്‍ അധികം ശ്രദ്ധ കൊടുക്കേണ്ടതില്ല. ഓക്സിജന്‍ ക്ഷാമം എത്രയുണ്ട്,പോസിറ്റിവിറ്റി നിരക്ക് കൂടിയോ തുടങ്ങിയ കാര്യങ്ങളില്‍ അധികം ശ്രദ്ധ കൊടുക്കാതെ നമ്മളില്‍ ഫോക്കസ് ചെയ്യുക.
ബോറടി മാറ്റാന്‍ മദ്യം,ലഹരി എന്നിവയെ ആശ്രയിക്കരുത്..ഈ ലോക്ക് ഡൗൺ കടന്നുപോകും.അപ്പോഴേക്കും ഇത്തരം ലഹരികള്‍ക്ക് അടിമപ്പെട്ടെന്നും വരാം. മറ്റു കുടുംബാംഗങ്ങള്‍ വീട്ടിലെ വയോജനങ്ങളുടെ ആധികള്‍ തിരിച്ചറിയുക. അവരെ ചേര്‍ത്ത് പിടിയ്ക്കുക. ഒറ്റപ്പെടല്‍ തോന്നാത്തവിധം പരസ്പ്പരം സംവദിയ്ക്കുക. സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് എന്നുപറഞ്ഞാല്‍ സോഷ്യല്‍ ഐസോലേഷന്‍ ആവരുത്. വീട്ടിലില്ലാത്തവരും ഫോണുകൾ വഴി മുതിര്‍ന്നവരോട് സ്ഥിരമായി സംസാരിക്കുന്നതും, അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതും മുടക്കരുത്.
വിഷാദം, നൈരാശ്യം ഒക്കെ സ്വാഭാവികമാണ്.. അത് അംഗീകരിയ്ക്കുക. ഞാന്‍ ഓക്കെ ആണ് എന്ന നാട്യത്തില്‍ നടക്കേണ്ട ആവശ്യമില്ല. മനസ്സ് ആകുലമാണ് എങ്കില്‍ അത് അംഗീകരിയ്ക്കുക. എങ്കിലേ പരിഹാരമുണ്ടാകൂ.. മനസിലെ വിഷമങ്ങള്‍ പങ്കുവയ്ക്കാം. അമിതമായ ഉറക്കം,വിശപ്പില്ലായ്മ, ഉള്‍വലിയല്‍ എന്നിവ തീവ്രമായാല്‍ ഒരു മാനസികാരോഗ്യ വിദഗ്ധനെ ബന്ധപ്പെടുക.
വാക്സിനുകള്‍ക്ക് ഉള്‍പ്പെടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. അത്തരം വിവരങ്ങള്‍ അവരെ അറിയിയ്ക്കുക.രാജ്യം ഞങ്ങളെ കരുതുന്നു.കുടുംബം ഞങ്ങളെ കരുതുന്നു എന്ന തോന്നല്‍ അവര്‍ക്ക് ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നു കൊടുക്കും.
എന്തുവന്നാലും എല്ലാവരും ഒരുമിച്ച് നേരിടുമെന്നും രോഗദുരിതങ്ങളുടെ ഈ കാലവും കടന്നുപോകുമെന്നും പരസ്പര വിശ്വാസത്തോടെ മുന്നോട്ട്. കവികള്‍ പറയുന്നതുപോലെ.
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.