ഇലക്ട്രോണിക് മാധ്യമങ്ങളും കുട്ടികളും
"സൈബർബുള്ളീയിങ്ങിനു" വിധേയമാകാതെ സോഷ്യൽമീഡിയയുടെ ചതിക്കുഴികളിൽ വീഴാതെ നമ്മുടെ കുട്ടികൾക്ക് ഇലക്ട്രോണിക് മാധ്യമങ്ങൾ എങ്ങനെ ആരോഗ്യകരമായി ഉപയോഗപ്പെടുത്താം എന്നാണ് ഈ ലേഖനം വിശദമാക്കുന്നത്. മാതാപിതാക്കൾ സ്വയം മാതൃകയാവുന്നതിനൊപ്പം വിവര സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടുകയും വേണം. ഫാമിലി മീഡിയാപ്ലാൻ തയാറാക്കുന്നതോടൊപ്പം ഓൺലൈൻ ഗെയിമുകൾ നിരീക്ഷിക്കുകയും മറ്റും ചെയ്ത് കുട്ടികളെ നേരായ വഴികളിലൂടെയുള്ള ശീലങ്ങളിലേക്കുകൊണ്ടുവരണം. കൊറോണ വൈറസെന്ന സൂക്ഷ്മാണു ഈ ഭൂലോകത്തേയാകെ വിഴുങ്ങിയ വർഷമായിരുന്നു 2020. പ്രപഞ്ചത്തിലെ ഏറ്റവും ബുദ്ധിശാലിയെന്നഹങ്കരിച്ചിരുന്ന മനുഷ്യൻ ആ ചെറിയ വൈറസിനു മുൻപിൽ പകച്ചു പോയി. ജീവിതം അക്ഷരാർഥത്തിൽ നിശ്ചലമായി. ആ അവസ്ഥയിൽ നിന്നും വീണ്ടും ജീവിത ചക്രം ചലിച്ചു തുടങ്ങിയത് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയാണ്. വാർത്താ വിനിമയം മാത്രമല്ല അന്യ രാജ്യങ്ങളിൽപ്പെട്ടുപോയ ഉറ്റവരുമായി ബന്ധപ്പെടുവാനും ജോലി ചെയ്യുവാനും വീട്ടുസാധനം വാങ്ങുവാനും ബാങ്കിടപാട് നടത്താനുമെല്ലാം നവമാധ്യമങ്ങൾ നമുക്കു തുണയായിരുന്നു. ഒന്നോർത്തു നോക്കൂ, സൂം, ഗൂഗിൾ മീറ്റ്, വാട്ട്സാപ്പ് തുടങ്ങിയ മാധ്യമങ്ങളുണ്ടായിരുന്നില്ലെങ്കിൽ നമ്മുടെ കുട്ടികൾക്ക് ഒരു അദ്ധ്യയന വർഷം തന്നെ നഷ്ടമായേനേ. ചുരുക്കിപ്പറഞ്ഞാൽ കോവിഡിനു ശേഷം ഇലക്ട്രോണിക് മാധ്യമങ്ങളേ നമുക്ക് മുൻപത്തേപ്പോലെ അടച്ചാക്ഷേപിക്കാൻ കഴിയില്ല.
എന്നിരുന്നാലും ഇലക്ട്രോണിക് മാധ്യമങ്ങളിലൊളിഞ്ഞിരിക്കുന്ന അപായങ്ങളും ചതിക്കുഴികളും കുറച്ചൊന്നുമല്ല. അതും മൊബൈൽ ഫോൺ നമ്മുടെ കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടമാകുമ്പോൾ. ഇലക്ട്രോണിക് മീഡിയയുടെ ദോഷലക്ഷണങ്ങളെന്തൊക്കെയാണെന്ന് നമുക്കൊന്നു പരിശോധിക്കാം.
കഴിഞ്ഞ പതിനെട്ടു മാസത്തിനിടെ നമ്മുടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 3.17 ലക്ഷം സൈബർ കുറ്റകൃത്യങ്ങളാണ്. കമ്പ്യൂട്ടറിന് മുന്നിൽ മണിക്കൂറുകളോളം അടങ്ങിയിരിക്കുന്ന ഒരു കുട്ടിക്ക് സ്വാഭാവികമായും കുടവയറും പൊണ്ണത്തടിയുമുണ്ടാകും. അത് കൂടാതെ ശരീരവേദന, തലവേദന, കണ്ണിന് അസ്വസ്ഥത, കഴുത്തുവേദന, ഉറക്കം വരാതിരിക്കൽ തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾ നിരവധിയാണ്. മാത്രമല്ല ഉത്ക്കണ്ഠ, വിഷാദം, ഒറ്റപ്പെടൽ, ഓർമക്കുറവ്, ശ്രദ്ധക്കുറവ്, പഠനത്തിൽ പിന്നോട്ട് പോവുക തുടങ്ങിയ മാനസിക പ്രശ്നങ്ങളും ധാരാളമായിക്കാണാം. സൈബർ ലോകത്തിൽ ഭീഷണിപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും അപവാദ പ്രചാരണം നടത്തുകയും കളിയാക്കുകയും ചെയ്യുന്നതിനേയാണ് സൈബർ ബുള്ളിയിംഗ് എന്നു വിളിക്കുന്നത്. ഇതെല്ലാം നമ്മുടെ കുട്ടികളേ അസ്വസ്ഥരാക്കാം. എന്നുവെച്ചാൽ ഒത്തിരി ഗുണങ്ങളും ഒത്തിരി ദോഷങ്ങളുള്ള ഒന്നാണ് ഇലക്‌ട്രോണിക് മീഡിയ. ചതിക്കുഴികളിൽ വീഴാതെ അപകടങ്ങൾ പറ്റാതെ, തെറ്റുകൾ ചെയ്യാതെ അവ ഫലപ്രദമായി ഉപയോഗിക്കാൻ നമ്മുടെ കുട്ടികളേ നാം പ്രാപ്തരാക്കേണ്ടതുണ്ട്.
പ്രധാനമായും മൂന്നു കാര്യങ്ങളിലാണ് നാം ശ്രദ്ധിക്കേണ്ടത്.
1. നാം ഉത്തമ മാതൃകയാകണം.
കുട്ടികളെന്നും മാതാപിതാക്കളെ നോക്കിയാണ് പഠിക്കുന്നത്. നമ്മുടെ കുട്ടികളെന്തു ചെയ്യണമെന്ന് നാം ആഗ്രഹിക്കുന്നുവോ അത് നാം ചെയ്തിരിക്കണം. അവർ ചെയ്യരുത് എന്ന് നാം നിഷ്കർഷിക്കുന്ന കാര്യം നമ്മളും ചെയ്യരുത്. മീഡിയ ഉപയോഗത്തിന്റെ കാര്യത്തിലും ഇത് പ്രധാനമാണ്. ജോലി കഴിഞ്ഞ് വീട്ടിൽ വന്ന് മണിക്കൂറുകളോളം വാട്ട്സപ്പിൽ ചാറ്റ് ചെയ്യുന്ന അച്ഛനെ കണ്ടു വളരുന്ന മകൻ അതു തന്നെ ചെയ്താൽ അത്ഭുതമില്ല.
2. നമുക്ക് സമകാലികമായ അറിവ് വേണം.
നമ്മുടെ സാങ്കേതിക വിദ്യയിൽ നമുക്ക് സമകാലികമായ അറിവു വേണം. വിവര സാങ്കേതിക വിദ്യ കൈകാര്യം ചെയ്യാൻ കുട്ടികൾ പലപ്പോഴും മുതിർന്നവരേക്കാൾ പ്രാവീണ്യം കാണിക്കും. എന്നിരുന്നാലും ഒരു മനുഷ്യന്റെ വിവേകത്തിന്റെയും വിവേചനത്തിന്റെയും ബുദ്ധിയുടെയും വളർച്ച പൂർണമാകുന്നത് 23 - 24 വയസ്സാകുമ്പോൾ മാത്രമാണ്. അതിനാൽ കുട്ടികൾ അപകടങ്ങളിൽപ്പെടാൻ സാധ്യതയേറെയാണ്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന നൂതന സാങ്കേതികവിദ്യകളേക്കുറിച്ച് സമകാലികമായ അറിവുണ്ടെങ്കിൽ മാത്രമേ കുട്ടികളുടെ മാധ്യമ ഉപയോഗത്തിലെ ഗുണദോഷങ്ങളേ നമുക്കു വേർതിരിച്ചറിയാൻ കഴിയൂ. ഒരുദാഹരണത്തിന്, ഫിൻസ്റ്റയും വിൻസ്റ്റയും എന്താണെന്നറിയാമോ? ഫിൻസ്റ്റയെന്നാൽ അച്ഛനമ്മമാർക്കു വേണ്ടിയുള്ള ഫേയ്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ്. വിൻസ്റ്റയെന്നാൽ സുഹൃത്തുക്കൾക്കായുള്ള റിയൽ ഇൻസ്‌റ്റ്‌ഗ്രാം അക്കൗണ്ട്. അതുപോലെ സൈബർ കുറ്റവാളികൾ തങ്ങളുടെ ഇരകളേ എങ്ങനെ വലയിലാക്കുന്നു എന്നും നാമറിഞ്ഞിരിക്കണം. ഇരകളുമായി പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കുന്നതിന് ഗ്രൂമിങ് എന്നു പറയുന്നു. പലപ്പോഴും ഈ കുറ്റവാളികൾ സുഹൃത്തിന്റെ സുഹൃത്തോ തികച്ചും അപരിചിതരോ ആയിരിക്കും. നാൽപതു വയസ്സുള്ള ആളായിരിക്കും ഇരുപതു വയസ്സുള്ള എൻജിനീയറിങ് സ്റ്റുഡന്റ് എന്ന് സ്വയം പരിചയപ്പെടുത്തി കുട്ടിയുമായി അടുക്കുന്നത്. ബ്രൈബറി അഥവാ വാഗ്ദാനങ്ങൾ നൽകിയും ഫ്ളാറ്ററി അഥവാ അമിതമായ പ്രശംസയിലൂടെയും ഇവർ ഈ ബന്ധം ദൃഢമാക്കുന്നു. പിന്നെ ലൈംഗികച്ചുവയുള്ള ചിത്രങ്ങളും കൈമാറലായി, ഭീഷണിയായി , ബ്ലാക് മെയിലായി.
ഓൺലൈൻ ഗെയിമുകളേ പറ്റിയും ആപ്പുകളേപ്പറ്റിയും കൂടുതലറിയാൻ, അതായത് അവയുടെ പ്രയോഗപരിധിയും അക്രമവാസനയുള്ളതാണോ, ലൈംഗികച്ചുവയുള്ളതാണോ എന്നുമെല്ലാം അറിയാൻ 'കോമൺസെൻസ്മീഡിയ' എന്ന വെബ്സൈറ്റ് ഉപകരിക്കും.
ഇനി മൊബൈൽ ഫോൺ അഡിക്ഷനേക്കുറിച്ചും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. കേരളത്തിലെ കൗമാരക്കാരിൽ നാൽപതു മുതൽ അൻപത് ശതമാനം പേരും മൊബൈൽ ഫോണിനടിമകളാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. രാവിലെ എഴുന്നേറ്റാൽ ഉടനെ മൊബൈൽ ഫോൺ നോക്കുക, ദിവസം മുഴുവൻ ഇടക്കിടെ ഫോൺ നോക്കിക്കൊണ്ടിരിക്കുക, രാത്രി ഫോൺ ഓഫ് ചെയ്യാൻ പറ്റാതെ വരിക, സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴും ഫോൺ നോക്കിക്കൊണ്ടിരിക്കുക, ബോറടിക്കുമ്പോഴെല്ലാം ഫോണെടുക്കുക എന്നിവയെല്ലാം മൊബൈൽ ഫോൺ അഡിക്ഷന്റെ ലക്ഷണങ്ങളാണ്. റിമോട്ട് കൺട്രോൾ കൊണ്ട് ചലിക്കുന്ന പാവക്കുട്ടികളായി മാറുന്നു നമ്മുടെ കുട്ടികൾ.
3. ഫാമിലി മീഡിയ പ്ലാൻ.
മൊബൈൽ ഫോണും ഇലക്ട്രോണിക് മീഡിയയും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ ഇക്കാലത് അവ വേണ്ടവിധം കൈകാര്യം ചെയ്യാൻ കുട്ടികളേ പരിശീലിപ്പിക്കാൻ വേണ്ടി അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നിർദേശിക്കുന്ന മാർഗമാണ് ഫാമിലി മീഡിയ പ്ലാൻ. അതായത് കുടുംബത്തിലെ എല്ലാവരും ഒന്നിച്ചിരുന്നു കൊണ്ട് മീഡിയ ഉപയോഗത്തേക്കുറിച്ച് ഒരു സമവായത്തിലെത്തണം. അതിൽ ഓരോ കുടുംബത്തിനും ഓരോ കുട്ടിക്കും അനുസൃതമായ മാറ്റങ്ങൾ വരുത്താവുന്നതാണ്. ഫാമിലി മീഡിയ പ്ലാനിൽ ചില ശീർഷകങ്ങളുണ്ട്.
1.സ്ക്രീൻ ഫ്രീ സോൺ - മീഡിയ ഉപയോഗിക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ. ഉദാഹരണത്തിന് അടുക്കള, തീൻമേശ, കുട്ടികളുടെ കിടപ്പുമുറി തുടങ്ങിയവ.
2. സ്ക്രീൻ ഫ്രീ റ്റൈം - മീഡിയ ഉപയോഗിക്കാൻ പാടില്ലാത്ത സമയം. ഭക്ഷണം കഴിക്കുമ്പോൾ, പ്രാർത്ഥിക്കുമ്പോൾ, ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ്, ഡ്രൈവ് ചെയ്യുമ്പോൾ, റോഡ് ക്രോസ് ചെയ്യുമ്പോൾ.
3. ഡിജിറ്റൽ സിറ്റിസൺഷിപ്പ് അഥവാ ഡിജിറ്റൽ പൗരത്വം - അതായത്, മറ്റുള്ളവരുടെ സ്വകാര്യതയിൽ കൈകടത്തുവാൻ പാടില്ല. ഓൺലൈനിൽ സൗമ്യത പാലിക്കുക. മറ്റുള്ളവരെ വേദനിപ്പിക്കുന്ന, പരിഹസിക്കുന്ന സന്ദേശങ്ങൾ ലഭിച്ചാൽ മുതിർന്നവരേ അറിയിക്കുക തുടങ്ങിയവ.
4. സേഫ്റ്റി ഫസ്റ്റ് - സുരക്ഷിതത്വം ഉറപ്പാക്കുക. സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും പങ്കുവെയ്ക്കരുത്. അപരിചിതരുമായി സന്ദേശങ്ങൾ കൈമാറരുത്. കുട്ടികളോടൊപ്പമിരുന്ന് സൈറ്റുകളുടെ പ്രൈവസി സെറ്റിംഗ്സ് പരിശോധിക്കുക. അനുവാദമില്ലാതെ പുതിയ വെബ്സൈറ്റിൽ പ്രവേശിക്കരുത്.
5. റിക്രിയേഷൻ സ്ക്രീൻ ടൈം - വിനോദത്തിനായി മീഡിയ ഉപയോഗിക്കുമ്പോൾ കുട്ടികളോടൊപ്പമുണ്ടാവുക. അവരുടെ കൂടെ കളിക്കുക.
6. സ്ലീപ് ആൻഡ് എക്സർസൈസ് - ഉറക്കവും വ്യായാമവും. കുട്ടികൾക്ക് എട്ടു മുതൽ പത്തു മണിക്കൂർ വരെ ഉറക്കം വേണം. ഒപ്പം കുട്ടികളോടൊപ്പം കളിക്കുക. അത് ക്രിക്കറ്റോ ഫുട്ബോളോ ബാഡ്മിന്റണോ എന്തായാലും അതവർക്കും നമുക്കും വ്യായാമവും ഉൻമേഷവും തരും. പരസ്പരം കൂടുതൽ അടുക്കും.
ഇനി സാധാരണയായി കാണുന്ന ചില സംശയങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും നോക്കാം.
1. കുട്ടി, താൻ സൈബർ ബുള്ളിയിങ്ങിന് ഇരയായി എന്ന് പറഞാൽ രക്ഷിതാക്കൾ എന്തു ചെയ്യണം?
ഇവിടെ ഏറ്റവും നല്ല കാര്യം മാതാപിതാക്കളോട് കുട്ടി തന്റെ വിഷമം തുറന്നു പറഞ്ഞു എന്നുള്ളതാണ്. അത് മിക്കവാറും കുട്ടിക്കാലത്ത് അവർ പറയുന്ന പല നിസാര കാര്യങ്ങളും നിങ്ങൾ താൽപര്യത്തോടെ കേട്ടിരുന്നതു കൊണ്ടാകാം. അതുകൊണ്ടു തന്നെ കാര്യങ്ങൾ കൈവിട്ടു പോകുന്നതിനു മുൻപേ നമുക്കു വേണ്ടതു ചെയ്യാൻ കഴിയും. ഇനി ഈ അവസ്ഥയിൽ നാമെന്താണു ചെയേണ്ടത് എന്ന് നോക്കാം.
ആദ്യമായി ഈ വിവരം തുറന്നു പറഞ്ഞതിന് കുട്ടിയേ അഭിനന്ദിക്കുക. ഒന്നും പേടിക്കേണ്ട, അച്ഛനുമമ്മയും കൂടെത്തന്നെയുണ്ട് എന്നോർമിപ്പിക്കുക. ആ സന്ദേശങ്ങൾക്ക് കുട്ടി മറുപടി അയച്ചോ എന്നും, എങ്കിൽ എന്തായിരുന്നു മറുപടിയെന്നും ചോദിച്ചറിയുക. ആ സന്ദേശങ്ങൾ സേവ് ചെയ്യുക. നിങ്ങളുടെ കുട്ടിക്ക് ചിലപ്പോൾ ഭയം, ദേഷ്യം, ചതിക്കപ്പെട്ടു എന്നൊക്കെ തോന്നാം. അങ്ങനെയെന്താലും അതിൽ കുഴപ്പമൊന്നുമില്ല എന്നു തന്നെ പറഞ്ഞ് ധൈര്യം പകരുക. ഇനി ചെയ്യാനുള്ളത്, ആ സന്ദേശങ്ങൾ അയക്കുന്ന ആളേ ബ്ലോക്ക് ചെയ്യുകയാണ്. ഒപ്പം തന്നെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ റിപ്പോർട്ടും ചെയ്യാം. കുട്ടിക്ക് വിദഗ്ദ സഹായം ആവശ്യമെങ്കിൽ അതും നൽകാം.
2. എന്റെ കുട്ടി സൈബർ ബുള്ളിയിങ് ചെയ്യുന്നുണ്ട് എന്ന് തോന്നിയാൽ എന്തു ചെയ്യണം?
നിങ്ങളുടെ കുട്ടി പുതിയ ഇ-മെയിൽ അഡ്രസോ സോഷ്യൽ മീഡിയ അക്കൗണ്ടോ നിങ്ങളറിയാതെ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, വേദനിപ്പിക്കുന്ന സന്ദേശങ്ങൾ അയക്കുന്നുണ്ടെങ്കിൽ, സ്ക്രീൻ നിങ്ങളിൽ നിന്ന് മറച്ചു പിടിക്കുന്നുണ്ടെങ്കിൽ അവൻ സൈബർ ബുള്ളിയിങ് ചെയ്യുന്നുണ്ടാകും. അങ്ങനെയെങ്കിൽ സംസാരിക്കുന്നതിനിടക്ക് സാവധാനം ഈ വിഷയം അവതരിപ്പിക്കുക. ക്ഷമയോടു കൂടി കേൾക്കുക. കുറ്റപ്പെടുത്തരുത്. ശകാരിക്കരുത്. ചിലപ്പോൾ കുട്ടി, ഉള്ളിന്റെ ഉള്ളിൽ വേദനിക്കുന്നുണ്ടാകും. കുട്ടിയേ കൂടുതൽ ശ്രദ്ധിക്കുക. വേണമെങ്കിൽ പേരന്റൽ കൺട്രോൾ സോഫ്റ്റ്‌വെയർ സ്ഥാപിക്കാം. കുട്ടിയേ ഈ അവസ്ഥ തരണം ചെയ്യാൻ സഹായിക്കുക. വേദനിപ്പിച്ച കുട്ടിയോട് ക്ഷമാപണം നടത്താൻ പ്രോൽസാഹിപ്പിക്കുക. ആവശ്യമെങ്കിൽ വിദഗ്ദ സഹായവും തേടാം.
3. ഓൺലൈൻ ഗെയ്മിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
പ്രായത്തിനനുസൃതമായുള്ള ഗെയ്മുകൾ മാത്രം കളിക്കുക. ഗെയ്മുകളുടെ ഇ എസ് ആർ വി റേറ്റിങ് പരിശോധിക്കുക. ഇ-മെയിൽ ആയോ പോപ് അപ് ആയോ ഫ്രീ ഗെയ്മിങ് സൈറ്റുകളിൽ നിന്നോ ഗെയ്മുകൾ ഡൗൺലോഡ് ചെയ്യരുത്. എപ്പോഴും പുതുക്കിയ ആന്റി-വൈറസ് ഉപയോഗിക്കുക. സ്വകാര്യ വിവരങ്ങൾ, പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങളും ഒരു കാരണവശാലും പങ്കുവെയ്ക്കരുത്. ഓൺലൈൻ ഗെയ്മുകൾ കളിക്കുമ്പോൾ വെബ് ക്യാമും വോയ്സ് ചാറ്റും ഉപയോഗിക്കാതെയിരിക്കുക. കുട്ടികളുടെ കൂടെ കളിക്കുക.
4. എപ്പോഴാണ് കുട്ടികൾക്ക് മൊബൈൽ ഫോണുകൾ വാങ്ങിച്ചു കൊടുക്കേണ്ടത്?
നമ്മളെപ്പോഴാണ് കുട്ടികൾക്ക് വാഹനം വാങ്ങി നൽകുന്നത് ? അവരുടെ ആവശ്യവും പക്വതയും ഉത്തരവാദിത്തബോധവും നോക്കിയല്ലേ നമ്മളവർക്കു വാഹനം വാങ്ങിച്ചു കൊടുക്കൂ. അതു പോലെ തന്നെയാണ് മൊബൈൽ ഫോണും. മാതാപിതാക്കളോട് അത്യാവശ്യത്തിനു സംസാരിക്കാൻ മാത്രമാണെങ്കിൽ ഒരു സാധാരണ ഫോൺ മതിയാകും. എന്നാൽ ഓൺലൈൻ ക്ലാസുകളും ടീച്ചർമാർ അയക്കുന്ന വാട്ട്സപ്പ് സന്ദേശങ്ങൾ ലഭിക്കാനും ഒക്കെ ഒരു സ്മാർട്ഫോൺ വേണ്ടി വന്നേക്കാം.
കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും ദൂഷ്യ വശങ്ങളിൽപ്പെട്ടു പോകാതെ തന്നെ അവയിൽ പ്രാവീണ്യം നേടി നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകുന്ന ഒരു ഭാവിതലമുറയേ നമുക്ക് വാർത്തെടുക്കാം.
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.