എങ്ങനെ ഒരു നല്ല രക്ഷിതാവാകാം..?
ആരോഗ്യവാനും ബുദ്ധിമാനുമായ ഒരു കുട്ടി ഏതു മാതാപിതാക്കളുടെയും സ്വപ്നമാണ്. കുട്ടികളുടെ വളർച്ചയിലും വികാസത്തിലും ഏറ്റവുമധികം സ്വാധീനം ചെലുത്താൻ കഴിയുന്നതും മാതാപിതാക്കൾക്കാണ്. ഒരു പ്രത്യേക പരിശീലനത്തിന്റെ സഹായം കൂടാതെ തന്നെ ഒരു നല്ല രക്ഷിതാവാകാൻ നിങ്ങൾക്കും കഴിയും. ഒരു രക്ഷിതാവായിരിക്കുന്നതിന്റെ ആനന്ദത്തോടൊപ്പം ഒരുപാട് പ്രശ്നങ്ങളെയും നേരിടേണ്ടി വന്നേക്കാം. കുട്ടികളെ വളർത്തുന്നതിൽ നിങ്ങൾക്ക് നേരിട്ടേക്കാവുന്ന ചില വീഴ്ചകൾ ഒഴിവാക്കാൻ താഴെ പറയുന്ന നിർദ്ദേശങ്ങൾ സഹായിച്ചേക്കാം.
★ സ്‌നേഹവും സുരക്ഷിതത്വവും.
സ്‌നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അഭിവാഞ്ഛ മനുഷ്യന്റെ അടിസ്ഥാനവികാരമാണ്. താൻ മാതാപിതാക്കളിൽ നിന്ന് സ്നേഹിക്കപ്പെടുന്നുണ്ടെന്ന തോന്നൽ കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും വളർച്ചയിലും പങ്കു വഹിക്കുന്നുണ്ട്.
മാതാപിതാക്കളുടെ സ്നേഹവും, സ്നേഹം നൽകുന്ന സുരക്ഷിതത്വബോധവും കുട്ടികളെ ജീവിതത്തിൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുന്നു. സ്നേഹപ്രകടനങ്ങൾ കുട്ടികൾക്ക് ചെറിയ പ്രായത്തിലെ മനസ്സിലായി തുടങ്ങും. കുട്ടിയെ കുളിപ്പിക്കുമ്പോഴും വസ്ത്രം മാറ്റുമ്പോഴും പാലൂട്ടുമ്പോഴും നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനുള്ള സുവർണ്ണാവസരമാണ്.
നിങ്ങളും കുട്ടിയും തമ്മിൽ സുദൃഢമായ ഒരു ബന്ധം സൃഷ്ടിക്കാൻ ഇത്തരം സ്നേഹപ്രകടനങ്ങൾക്ക് കഴിയും. കുട്ടിയെ സ്പർശിക്കുന്നതും ഓമനിക്കുന്നതും കുട്ടിക്ക് വളരെയധികം സന്തോഷമേകും.
സ്നേഹപ്രകടനങ്ങൾ കൊണ്ട് കുട്ടി ഒരിക്കലും ചീത്തയാകുന്നില്ല. പക്ഷെ അമിതമായ വാത്സലൃം അപകടമാണ്. ഇങ്ങനെയുള്ള കുട്ടികൾ നാണംകുണുങ്ങികളും സ്വന്തമായി തീരുമാനമെടുക്കാൻ കഴിയാത്തവരായിത്തീരും.
★ആശയവിനിമയവും അംഗീകാരവും.
കുട്ടികളുടെ വികാസപ്രക്രിയയെ സഹായിക്കുന്ന നല്ല സാഹചര്യം രൂപപ്പെടുത്തുന്നതിൽ ആശയവിനിമയം ഒരു പ്രധാന പങ്കുവഹിക്കുന്നു. നിങ്ങൾ കുഞ്ഞിനെ സ്പർശിക്കുമ്പോഴും അവന് അതൊരു അംഗീകാരമായിട്ടാണ് തോന്നുന്നത്.
ആശയവിനിമയം നടത്താനുള്ള കുട്ടികളുടെ ശ്രമങ്ങളോട് നിങ്ങൾ അനുകൂലമായി പ്രതികരിക്കണം. കുഞ്ഞ് അവന് കൈയ്യെത്താത്ത ഉയരത്തിലുള്ള ഒരു കളിപ്പാട്ടത്തിന് വേണ്ടി കൈ നീട്ടുകയാണെങ്കിൽ അതെടുക്കുവാൻ അവനെ സഹായിക്കുക. അത് പോലെ നടക്കാൻ പഠിക്കുമ്പോഴും നിങ്ങളുടെ സഹായം അത്യാവശ്യമാണ്. അവന്റെ ഓരോ നേട്ടങ്ങളും നിങ്ങൾ അഭിനന്ദിക്കുകയാണെങ്കിൽ കഴിവുകൾ കൂടുതൽ മെച്ചപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.
കുഞ്ഞിന് എന്താണ് പറയാൻ ഉള്ളതെന്ന് താല്പര്യത്തോടെ കേൾക്കുക. അവൻ സ്കൂളിനെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും കളിപ്പാട്ടത്തെക്കുറിച്ചും നിങ്ങളോട് സംസാരിച്ചേക്കാം. നിങ്ങൾ അവന്റെ സംസാരത്തിൽ താൽപര്യം കാണിക്കുകയാണെങ്കിൽ നിങ്ങളവനെ ശരിയായി മനസ്സിലാക്കുന്നുണ്ടെന്ന് അവന് തോന്നിത്തുടങ്ങും. അത് പുതിയ നേട്ടങ്ങൾ കൈവരിക്കാനും അതുവഴി നിങ്ങളുടെ അഭിനന്ദനം പിടിച്ചുപറ്റാനും അവനെ പ്രേരിപ്പിക്കും.
★സ്വയം മാതൃകയാവുക.
മാതാപിതാക്കളെ അനുകരിക്കാനുള്ള പ്രവണത കുട്ടികളിൽ തീർച്ചയായും കാണാം. സത്യസന്ധതയും അതുപോലുള്ള മറ്റു ഗുണങ്ങളും കുട്ടി പഠിക്കുന്നത് മാതാപിതാക്കളിൽ നിന്നാണ്. കുട്ടികളുടെ മുന്നിൽ വെച്ചു മോശമായ കാര്യങ്ങൾ സംസാരിക്കാനോ മോശം വാക്ക് ഉപയോഗിക്കാനോ പാടില്ല. മാതാപിതാക്കൾ കാപട്യസ്വഭാവമുള്ളവരായിരിക്കരുത്. അതായത് നല്ല പെരുമാറ്റവും മര്യാദയും ഉപചാരങ്ങളും സ്വയം ശീലിക്കാതെ കുഞ്ഞിനെ പഠിപ്പിക്കാൻ നിൽക്കരുത്.
★ആത്മാഭിമാനം വളർത്തിയെടുക്കൽ.
ആത്മാഭിമാനം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മളോടുതന്നെ ക്രിയാത്മകമായ ഒരു സമീപനം വളർത്തിയെടുക്കുക എന്നതാണ്. ലോകവുമായി ഇടപഴകി ആത്മാഭിമാനവും ആത്മവിശ്വാസവും വളർത്തിയെടുക്കാൻ കുഞ്ഞിന് അവസരം കൊടുക്കുക. അവന് ചുറ്റും വേലിക്കെട്ടുകൾ തീർക്കരുത്. അവൻ കോണി കയറാൻ നോക്കുമ്പോൾ അതിന് അനുവദിക്കുക. കൂടെ നിങ്ങളുടെ സാന്നിധ്യം വേണമെന്ന് മാത്രം.
കുട്ടികളെ അനാവശ്യമായി താക്കീതു ചെയ്യുന്നതും വിമർശിക്കുന്നതും നല്ലതല്ല. സുഹൃത്തുകളുടെയോ ബന്ധുക്കളുടെയോ മുന്നിൽ വെച്ചാണ് ഇത് ചെയ്യുന്നതെങ്കിൽ അവന്റെ മനസ്സിൾ വലിയൊരു ആഘാതമാണ് നിങ്ങളേല്പിക്കുന്നത്. കുട്ടിക്ക് സ്വയം പുച്ഛവും ദേഷ്യവും തോന്നുന്നു. ആത്മാഭിമാനം നഷ്ടപ്പെടുന്നു.
ആത്മാഭിമാനമുള്ള കുഞ്ഞിന് മാത്രമേ തന്റെ കഴിവുകളെ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ കഴിയുള്ളൂ.
★ താരതമ്യങ്ങൾ ഒഴിവാക്കുക.
രണ്ടു കുട്ടികൾക്ക് ഒരിക്കലും ഒരുപോലെയാവാൻ സാധിക്കില്ല. ഉദാഹരണത്തിന് ഒരാൾ തടിച്ചിട്ടായിരിക്കാം. മറ്റെയാൾ മെലിഞ്ഞിട്ടായിരിക്കാം. പക്ഷെ ആരോഗ്യപരമായി രണ്ടുപേരും ഒരേ നിലയിലായിരിക്കും. രണ്ടു കുട്ടികളെ തമ്മിൽ ഒരിക്കലും താരതമ്യം ചെയ്യരുത്. നിങ്ങളുടെ കുട്ടിയുടെ വളർച്ചയേയോ, രൂപഭംഗിയേയോ, അറിവിനേയോ നിങ്ങളുടെ സുഹൃത്തിന്റെയോ ബന്ധുവിന്റെയോ കുട്ടിയുമായി താരതമ്യം ചെയ്യരുത്. താരതമ്യങ്ങൾ കുട്ടിയുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തും.
★പട്ടാളച്ചിട്ട വേണ്ട.
കുട്ടികൾക്ക് അവരുടേതായ താല്പര്യങ്ങൾ ഉണ്ടായിരിക്കും. അതിനനുസരിച്ച് പെരുമാറുക. ചിലപ്പോൾ കുട്ടി നിങ്ങളുടെ കൂടെ ഭക്ഷണം കഴിക്കുന്നതിനുപകരം പിന്നെ കഴിച്ചോളാമെന്ന് പറഞ്ഞേക്കാം അപ്പോൾ അവനെ വഴക്കു പറയരുത്. പക്ഷെ ശീലമാക്കാൻ അനുവദിക്കരുതെന്നുമാത്രം.
അച്ചടക്കം വീട്ടിലെ എല്ലാ അംഗങ്ങളിൽ നിന്നും ഒരേ രീതിയിലായിരിക്കണം ശീലിക്കേണ്ടത്. മുത്തശ്ശനും, മുത്തശ്ശിയും കുട്ടിയോട് അമിതവാത്സല്യം കാണിക്കുകയും അച്ഛനമ്മമാർ കർക്കശമായി പെരുമാറുകയും ചെയ്താൽ കുഞ്ഞ് ആശയകുഴപ്പത്തിലാകും.
★ശിക്ഷാനടപടികൾ.
കുട്ടികളെ നേർവഴിക്കു നയിക്കാൻ ചില ഘട്ടങ്ങളിൽ ശിക്ഷാനടപടികൾ ആവശ്യമായി വന്നേക്കാം. പക്ഷെ ശിക്ഷിക്കാൻ മുതിരുന്നതിനു മുൻപ് അത് കുട്ടിയെ എങ്ങനെ ബാധിക്കുമെന്നുകൂടി കണക്കിലെടുക്കണം.
ഒഴിച്ചുകൂടാനാകാത്ത ഒരു അവസ്ഥയിൽ മാത്രമേ കുട്ടിയെ ശിക്ഷിക്കാവൂ. ശിക്ഷിക്കപ്പെട്ടിട്ടും കുട്ടി കൂടുതൽ വഷളാവുകയാണെങ്കിൽ ശിക്ഷയുടെ ഉദ്ദേശ്യം തന്നെ പരാജയപ്പെടുന്നു. ശിക്ഷിക്കുന്നതിനുമുൻപ് കുട്ടിയെ ഗുണദോഷിക്കുന്നതായിരിക്കും നല്ലത്. കുട്ടി മനഃപൂർവമാല്ലാതെ ചെയ്യുന്ന തെറ്റുകൾക്ക് അവനെ ഒരു കാരണവശാലും ശിക്ഷിക്കരുത്. അബദ്ധവശാൽ കുപ്പികളോ മറ്റോ അവൻ ഉടച്ചാൽ ഇനിമേൽ സൂക്ഷിക്കുക എന്ന് താക്കീത് മാത്രം ചെയ്യുക.
കുട്ടിയെ അടിക്കുക, മുറിയിൽ അടച്ചിടുക, ഭക്ഷണം കൊടുക്കാതിരിക്കുക തുടങ്ങിയവ ഏറ്റവും ഹീനമായ ശിക്ഷാരീതികളാണ്. മാതാപിതാക്കൾ ക്ഷമവിട്ട് പെരുമാറാൻ പാടില്ല.
കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ അനുവദിക്കാതിരിക്കുക എന്നത് ഏറെകുറെ സ്വീകാര്യമായ ശിക്ഷാനടപടിയാണ്. അവനെ ഇഷ്ടപ്പെട്ട ടി.വി സീരിയൽ കാണിക്കാതിരിക്കുക, ഇഷ്ടപെട്ട കളിപ്പാട്ടം കൊടുക്കാതിരിക്കുക, ചോക്ലേറ്റ് കൊടുക്കാതിരിക്കുക തുടങ്ങിയവ ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല. നിങ്ങൾ കുഞ്ഞിനെ ശിക്ഷിക്കുമ്പോൾ എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും, എന്തുകൊണ്ടാണ് അവൻ ശിക്ഷ അർഹിക്കുന്നതെന്നും ബോധ്യപ്പെടുത്തണം. എപ്പോഴും അവനെ കുറ്റപ്പെടുത്തുന്നത് കള്ളം പറയാനുള്ള പ്രവണത അവനിലുണ്ടാക്കും. ശിക്ഷിച്ചുകഴിഞ്ഞാൽ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന മട്ടിൽ സ്നേഹത്തോടെ അവനോടു പെരുമാറുക.
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.