ബിസ്സിനസിലെ / ജോലിയിലെ തളർച്ചകളെ എങ്ങനെ ഉയർച്ചകളാക്കാം
ഒരു കാലത്ത് കടകളിൽ ലഭിച്ചിരുന്ന റൂം ഫ്രഷ്നറുകൾ പാക്കറ്റിലാക്കിയ ക്രിസ്റ്റൽ രൂപത്തിലുള്ളവയായിരുന്നു. പിന്നീടത് ക്രിസ്റ്റൽ രൂപം മാറി വെറുതെ മുറിയിൽ തൂക്കാവുന്ന തരത്തിൽ മാറി. ഒരു കാലത്ത് ബ്ലേഡുകൾ വളരെ പോപ്പുലറായിരുന്നു. എന്നാൽ ഉപയോഗശേഷം കളയുന്ന ഡിസ്പോസിബിൾ റേസർ ബ്ലേഡുകൾ വന്നതോടെ പഴയ രൂപത്തിലുള്ള ബ്ലേഡുകളുടെ വിൽപ്പന വൻതോതിൽ കുറഞ്ഞു.
മാറ്റം ഇന്ന് അതിവേഗത്തിലാണ്. ഒരു കാലത്ത് ക്ലാസ് റൂമുകളിൽ പോയിരുന്ന് പഠിച്ച സ്ഥാനത്ത് ഇന്ന് വീട്ടിലിരുന്ന് ഓൺലൈനായി വിദ്യാർത്ഥികൾ ക്ലാസുകളിൽ പങ്കെടുക്കുന്നു. കോവിഡ്-19 ഉം ലോക്ക്ഡൗണുമെല്ലാം വന്നതോടെ പല ബിസിനസുകളും മുൻകാലത്ത് നടത്തിയിരുന്ന തരത്തിൽ മുന്നോട്ട് കൊണ്ടു പോകുന്നത് പ്രയാസകരമായി. പലതും അടച്ചു പൂട്ടി. പലരും കടബാധ്യതയിലായി. കാര്യമായ വരുമാനം ലഭിക്കാതെ ബിസിനസ് നിലനിർത്തിക്കൊണ്ടു പോകുന്ന പലരെയും ഇന്ന് കാണാൻ സാധിക്കും. ഇനി എന്തു ചെയ്യണമെന്നറിയാതെ ആശങ്കപ്പെടുന്നവരും അനേകമുണ്ട്. ഇവിടെ നാം മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. മാറ്റം എന്നുള്ളത് ലോകാരംഭം മുതൽ തന്നെ ഉള്ളതാണ്. ഓരോ കാലഘട്ടത്തിലും ആളുകളുടെ ആവശ്യവും താൽപ്പര്യങ്ങളും മാറിക്കൊണ്ടിരിക്കുന്നു.
കാലം മാറുന്നതിനനുസരിച്ച് കൂടുതൽ എളുപ്പത്തിൽ മികച്ച സർവീസുകൾ ലഭിക്കാൻ ആളുകൾ ആഗ്രഹിക്കുന്നു. അപ്പോൾ ഇതുവരെ നടത്തിയ രീതിയിൽ തന്നെ ബിസിനസ് ചെയ്താൽ മതിയെന്ന് ചിന്തിക്കാതെ കാലഘട്ടത്തിന് അനുസരിച്ച് മാറ്റം വരുത്താൻ നാം തയ്യാറാകണം. ഇതിന് ആദ്യം വേണ്ടത് ലോകം മാറുന്നതിനനുസരിച്ച് നമ്മുടെ രീതികളിലും ചിന്തകളിലും മാറ്റം വരുത്താനുള്ള മനസാണ്.
ഒരു കാലത്ത് കൊച്ചു കടകൾ വരെ 'ആളുകൾ ഇങ്ങോട്ട് വരട്ടെ, സാധനം വാങ്ങാൻ ' എന്ന മനോഭാവത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാൽ കാലം മാറിയതോടെ ഓൺലൈൻ സ്റ്റോറുകളും ഹോം ഡെലിവറിയും നാട്ടുമ്പുറങ്ങളിൽ വരെ സജീവമായി. ബ്രാഞ്ചുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ജ്വല്ലറികൾ കസ്റ്റമർ കെയർ സെൻ്ററുകൾ സ്ഥാപിച്ച് കസ്റ്റമേഴ്സിനെ ആകർഷിക്കുന്നു. കസ്റ്റമറുടെ അടുത്തേക്ക് വിൽപ്പനക്കാരൻ നേരിട്ട് ചെല്ലുന്ന കാലത്ത് നമ്മുടെ ബിസിനസുകളും അത്തരത്തിൽ മാറണം.
ഒരു പക്ഷേ കോവിഡ് കാലത്ത് ബിസിനസ് തകർന്നതോടെ ജോലി നഷ്ടപ്പെട്ടതോ, കടബാധ്യത ഏറിയതോ ഒക്കെ നിങ്ങളെ പ്രയാസപ്പെടുത്തുന്നുണ്ടാവും. ഇവിടെ ആ പ്രയാസം വർധിപ്പിക്കുന്ന തരത്തിലുള്ള ചിന്തകളെ മനസ്സിൽ നിന്നൊഴിവാക്കുകയാണ് അടുത്ത പടി. കട ബാധ്യത കർഷകൻ ആത്മഹത്യ ചെയ്തു, വ്യാപാരി ജീവനൊടുക്കിയ നിലയിൽ എന്ന തരത്തിലുള്ള നെഗറ്റീവ് വാർത്തകൾ വായിക്കുന്നത് ഒഴിവാക്കുക. ഓർക്കുക ഇത്തരം പ്രവൃത്തികൾ വളരെ അപൂർവ്വമായി സംഭവിക്കുന്നതാണ്. എന്നാൽ മാധ്യമങ്ങളിൽ നിറയുന്നതോടെ അത് വലിയ രീതിയിൽ പർവ്വതീകരിക്കപ്പെടുകയും, ജീവിതത്തിൽ പ്രതിസന്ധികളുണ്ടായാൽ അടുത്ത പടി ആത്മഹത്യയാണെന്ന തരത്തിലുള്ള തെറ്റായ ചിന്താഗതി ഉടലെടുക്കുകയും ചെയ്യുന്നു. അതിനാൽ നെഗറ്റീവ് വാർത്തകളോട് ഗുഡ് ബൈ പറഞ്ഞ് പകരം ക്രിയാത്മകമായ പോസിറ്റീവ് വാർത്തകൾ വായിക്കുക. ഉദാഹരണത്തിന്, കോവിഡ് കാല പ്രതിസന്ധിയെ മറികടന്ന് ബസിലെ ഉടമയും തൊഴിലാളികളും സംയുക്തമായി കോട്ടയത്ത് മത്സ്യവിൽപ്പന സ്റ്റാൾ ആരംഭിച്ച വാർത്ത ഏറെപ്പേർക്ക് സമാന്തര വരുമാന സ്രോതസുകളെ ആശ്രയിക്കാനും ദുരഭിമാനം വെടിയാനും പ്രചോദനമേകുന്നതാണ്. അടുത്തത്, മറ്റുള്ളവർ എന്ത് കരുതും എന്ന് ചിന്തിച്ച്, സ്വന്തം ഇമേജിൻ്റെ തടവറയിൽ പുകമറ സൃഷ്ടിച്ച്, സ്വന്തം വിഷമങ്ങൾ ആരെയും അറിയിക്കാതിരിക്കാതെ വേണ്ടപ്പെട്ടവരുമായി പങ്കുവെയ്ക്കുക എന്നതാണ്. ഇതുവഴി പുതിയ മാർഗങ്ങൾ തെളിയാനും മനസിനെ സാന്ത്വനപ്പെടുത്താനും കഴിയും. കഴിഞ്ഞ കാല ജീവിതത്തിലെ മേൻമകളെ ഇപ്പോഴത്തെ ജീവിതത്തിലെ / ബിസിനസിലെ നഷ്ടവുമായി താരതമ്യപ്പെടുത്തുന്നത് അവസാനിപ്പിക്കണം. പകരം, ഇപ്പോഴത്തെ അവസ്ഥയിൽ എന്തൊക്കെ ബിസിനസ് / ജോലികൾ ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുക, അന്വേഷിക്കുക. അതിനായി ശ്രമം നടത്തുക. അവിടെ പുതിയ വഴികൾ തെളിയും. വേറിട്ട വഴികളിലൂടെ, പ്രതിസന്ധികളെ അതിജീവിച്ച് വിജയം വരിച്ചവരുടെ ബിസിനസ് വിജയകഥകൾ വായിക്കുന്നത് നിങ്ങളുടെ മനസിന് ഉൻമേഷം നൽകും.
പുതിയൊരു തുടക്കത്തിനായി മനസിനെ പാകപ്പെടുത്തുകയാണ് അടുത്ത വഴി. ഞാനിതു ചെയ്താൽ മറ്റുള്ളവരെന്ത് വിചാരിക്കും എന്ന് ചിന്തിക്കാതെ, അതിജീവനത്തിനായുള്ള ശ്രമത്തിലാണ് എല്ലാവരും, അതിനാൽ എത്ര ചെറുതാണെങ്കിലും എൻ്റെ ശ്രമത്തിനും വിലയുണ്ട് എന്ന് ചിന്തിക്കുക. ചെറിയ ഒരു ആൽത്തരിയിൽ നിന്നാണ് വൻ ആൽമരം ഉണ്ടായിവരുന്നത്. ഇന്ന് ചെറിയ രീതിയിൽ നിങ്ങളിടുന്ന തുടക്കം നാളെകളിൽ വൻ ആൽമരം പോലെ പടർന്നു പന്തലിക്കും. അതിനായി ശ്രമിക്കാം. വിജയാശംസകൾ.
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.