Huddle

Share this post
ദാ വന്നു... ദേ പോയി... ബൈപോളാറിന്റെ രണ്ട് മുഖങ്ങൾ!
www.huddleinstitute.com

ദാ വന്നു... ദേ പോയി... ബൈപോളാറിന്റെ രണ്ട് മുഖങ്ങൾ!

Lakshmi Narayanan
Sep 1, 2021
Comment
Share

ഇംഗ്ലണ്ടിലെ ആദ്യത്തെ വനിതാ ന്യൂറോ സര്‍ജനായിരുന്നു ലിസ് മില്ലര്‍. 1985-ല്‍ 28-ാം വയസ്സില്‍ ഗവേഷണവും പരിശീലനവും പൂര്‍ത്തിയാക്കി അന്താരാഷ്ട്ര വേദികളില്‍ പ്രഭാഷണങ്ങള്‍ അവതരിപ്പിച്ച് ന്യൂറോ സര്‍ജറിയിലെ ഭാവിവാഗ്ദാനമെന്ന് പ്രശംസിക്കപ്പെട്ട വ്യക്തിയായിരുന്നു അവർ. താൻ കൈവെച്ച രംഗങ്ങളിലെല്ലാം തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ലിസ് മില്ലർക്ക് കഴിഞ്ഞിരുന്നു. എന്നാൽ  'ന്യൂറോ സര്‍ജറിയില്‍ ഈ ദശകങ്ങളിലെ യുവപ്രതിഭ' എന്ന് വാഴ്ത്തപ്പെട്ട ലിസ് മില്ലര്‍ വെറും ഒരു വര്‍ഷത്തിനുള്ളില്‍, തന്റെ  ഇരുപത്തൊന്‍പതാം വയസ്സില്‍ അവള്‍ ജോലി ചെയ്തിരുന്ന എഡിന്‍ബര്‍ഗ് റോയല്‍ ഹോസ്പിറ്റലിലെ മാനസികരോഗികള്‍ക്കുള്ള വാര്‍ഡില്‍ അടയ്ക്കപ്പെട്ടു. നിമിഷനേരത്തിനുള്ളിൽ മിന്നി മറയുന്ന മാനസിക നിലയും ചിന്തകളുമാണ് മില്ലറുടെ ജീവിതത്തിലെ വില്ലനായത്. വ്യക്തിഗതമായി നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു മില്ലറെ അലട്ടിയിരുന്ന വിഷയങ്ങൾ.

കടുത്ത ഉത്കണ്ഠയും (Severe anxiety) മതിഭ്രമവും (Paranoiac) ഒരുവശത്ത്, മറുവശത്ത് തീവ്രവിഷാദവും ശാരീരികമായ പ്രശ്നങ്ങളും. ഒപ്പം ആത്മഹത്യാപ്രവണതയും മടുപ്പും മന്ദതയും ഭാവിയുടെ വാഗ്ദാനമായ ന്യൂറോ സർജനെ തളർത്തി. അതോടെ മെഡിക്കൽ രംഗത്ത് തുടരാൻ കഴിയാത്ത അവസ്ഥയായി. ജോലി ഉപേക്ഷിച്ചു ചികിത്സയിൽ പ്രവേശിച്ച മില്ലർക്ക് രോഗശമനം ഉണ്ടായെങ്കിലും പിന്നീടും മാനസികാവസ്ഥ അപകടകരമായി തുടര്‍ന്നു. അവർ രണ്ടു തവണ കൂടി ചികിത്സയ്ക്ക് വിധേയയായി. ശേഷം, ന്യൂറോ സർജറിയിൽ തുടരാനാവാതെ ജനറൽ മെഡിസിനിലേക്ക് മാറി. എന്നാൽ തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞിടത്തായിരുന്നു മില്ലറുടെ വിജയം. ബൈപോളാർ ഡിസോർഡർ എന്ന അത്യന്തം സങ്കീർണമായ മിനസികാവസ്ഥയിലൂടെയാണ് താൻ പോകുന്നതെന്ന് മനസിലാക്കി, പ്രതിവിധി കണ്ടെത്താൻ തീരുമാനിച്ചു.  ഉന്മാദവും വിഷാദവും മാറി മാറി വരുന്ന ദിവസങ്ങളെ കണ്ടെത്തി അടയാളപ്പെടുത്തി വച്ചു. ആ സമയത്ത് ഉണ്ടാകുന്ന മനസിന്റെ ചിന്തകളെയും ഭാവ വ്യത്യാസങ്ങളെയും കുറിച്ചെഴുതി. അങ്ങനെ, നീണ്ട ചികിത്സകള്‍ക്കുശേഷം സ്വയം പരിശ്രമത്തിലൂടെ രോഗവിമുക്തയായി. പിന്നീട് മാനസികാരോഗ്യരംഗത്ത് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നി. ഡോക്ടര്‍ ലിസ് മില്ലര്‍ സ്വന്തം അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ എഴുതിയ 'മൂഡ് മാപ്പിംഗ്'  2009 -ല്‍ പ്രസിദ്ധപ്പെടുത്തി. ഇന്നും ബൈപോളാർ എന്ന മിനസികാവസ്ഥയെക്കുറിച്ചും അതിൽ നിന്നും മുക്തി നേടുന്നതിനെപ്പറ്റിയുമുള്ള ചർച്ചകളിൽ മില്ലറുടെ  'മൂഡ് മാപ്പിംഗ്' ഏറെ നിർണായകമാണ്.

ലിസ് മില്ലർ എന്ന ഡോക്ടർ ഒരു ഒറ്റപ്പെട്ട വ്യക്തിയല്ല, ഒരു വ്യക്തിത്വത്തിന്റെ സ്വാഭാവിക താളം മാറി ഉന്മാദത്തിലേക്കും വിഷാദത്തിലേക്കും മാറി മാറി നിപതിക്കുന്ന ബൈപോളാർ  ഡിസൊർഡർ ഉള്ള   അനേകം വ്യക്തികളുടെ പ്രതിനിധിയാണ് ലിസ് മില്ലർ. മറ്റൊരു വ്യക്തിയെ നോക്കാം...കൊച്ചിയിലെ പ്രമുഖ സൈക്യാട്രിക് ക്ലിനിക്കിൽ എത്തിയ ഇരുപതുകാരനായ അരുൺ എന്ന യുവാവ്, അവനെപ്പറ്റി വീട്ടുകാർ പറയുന്നത് കുറേകാലമായി വീടിനുള്ളിൽ ഒന്നും ചെയ്യാതെ നിഷ്ക്രിയമായി കഴിയുന്ന വ്യക്തിയെന്നാണ്. മകനെ ഉപദേശിക്കാൻ ചെന്നാൽ അവൻ വൈലന്റാകും എന്നതിനാൽ മാതാപിതാക്കൾ പലപ്പോഴും അതിനു മുതിരാറില്ല. ദേഷ്യം വന്നാൽ കയ്യിൽ കിട്ടുന്നതൊക്കെയും എടുത്തെറിയും, മാതാപിതാക്കളോട് ലവലേശം താല്പര്യമില്ല. എന്നാൽ അവന്റെ കൂട്ടുകാർക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു അരുണിനെ പറ്റിയായിരുന്നു. മുൻപ് ചിലപ്പോഴൊക്കെ ഇടതടവില്ലാതെ സംസാരിക്കുന്ന, കൂട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ലക്കും ലഗാനും ഇല്ലാതെ സംസാരിക്കുന്ന , ചെറിയ കാര്യത്തിന് പോലും പൊട്ടിച്ചിരിക്കുന്ന, പെട്ടെന്ന് സങ്കടം വരുന്ന ഒരാളായാണ് അരുണിനെ അവർ അവതരിപ്പിച്ചത്. മാതാപിതാക്കൾ പറയുന്ന അരുണും കൂട്ടുകാർ പറയുന്ന അരുണും തമ്മിൽ പ്രത്യക്ഷത്തിൽ യാതൊരു ബന്ധവുമില്ല. എന്നാൽ ഇവർ രണ്ടും ഒരാൾ തന്നെയാണ്. വിഷാദത്തിന്റെ അങ്ങേത്തലത്തിൽ എത്തി നിൽക്കുന്ന അരുൺ കാണിക്കുന്ന ബൈപോളാർ ഡിസോർഡർ എന്ന അവസ്ഥ മാതാപിതാക്കൾ വിശദീകരിക്കുന്നു. അപ്പോൾ തന്നെ ഉന്മാദത്തിന്റെ അവസ്ഥയെ കൂട്ടുകാരും വിശദീകരിക്കുന്നു. ആർക്കും എപ്പോഴും വരാവുന്ന ഒരു മാനസികാവസ്ഥ.

എന്താണ് ബൈപോളാർ ഡിസോർഡർ?

പരസ്പരം ബന്ധപ്പെടുത്താൻ കഴിയാത്ത തികച്ചും വ്യത്യസ്തമായ വൈകാരിക തലത്തിലേക്ക് ഒരു വ്യക്തി എത്തിച്ചേരുന്ന അവസ്ഥയാണ് ബൈപോളാർ ഡിസോർഡർ. അമിതവും അനാവശ്യവുമായ ആഹ്ളാദവും ദു:ഖവുമൊക്കെ മാറി മാറി വരുന്നതിനെയാണ് ഇത്തരത്തിൽ വിശേഷിപ്പിക്കുന്നത്. ബൈപോളാർ ഒരിക്കലും പെട്ടെന്നുണ്ടാകുന്ന ഒരു മാനസികാവസ്ഥയല്ല. കുട്ടിക്കാലം മുതൽക്ക് പ്രകടിപ്പിക്കുന്ന പല ലക്ഷണങ്ങളും അവഗണിക്കപ്പെടുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന മാനസിക പ്രശ്നമാണ് ഇത്. ഉന്മാദവും വിഷാദവുമാണ് ബൈപോളാറിന്റെ രണ്ട് വ്യത്യസ്ത മുഖങ്ങൾ. ബൈപോളാർ ലക്ഷണങ്ങൾ പലപ്പോഴും തിരിച്ചറിയാതെ പോകുന്നു. ഓരോ വ്യക്തികളിലും ഇതിന്റെ തീവ്രത വ്യത്യസ്തമായിരിക്കും. ചിലരിൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും നീണ്ടു നിൽക്കുന്ന ഉന്മാദം പല അവസരങ്ങളിൽ ആവർത്തിച്ചു വരാം. എന്നാൽ മറ്റുചിലരിൽ ഭാവവ്യത്യാസങ്ങൾക്ക് ദിവസങ്ങളുടെ ആയുസേ കാണൂ. പനി വരുന്നത് പോലെ ഉന്മാദവും വിഷാദവും ബൈപോളാർ ഡിസോർഡറുള്ള ഒരു വ്യക്തിയിൽ മിന്നിയും മറഞ്ഞും ആവർത്തിച്ചു കൊണ്ടിരിയ്ക്കും. ചില വ്യക്തികളോട് അവരുടെ മൂഡനുസരിച്ചു മാത്രമേ അടുക്കാൻ കഴിയൂ എന്ന് പറയാറില്ലേ...അതൊരുപക്ഷേ അറിയാതെ പോകുന്ന ബൈപോളാറിന്റെ പരിണിതഫലമാകാം. കൃത്യമായ സമയത്ത് പ്രശ്നം തിരിച്ചറിയുകയും ശരിയായ ചികിത്സ നടത്തുകയും ചെയ്യുക എന്നതാണ് ഈ അവസ്ഥയിൽ നിന്നും പുറത്തെത്താനുള്ള ഏക പ്രതിവിധി.

അവഗണിക്കരുത് ബൈപോളാർ ലക്ഷണങ്ങളെ

രോഗം പോലെ തന്നെ വളരെ കോംപ്ലെക്‌സാണ് ബൈപോളാർ ലക്ഷണങ്ങളും.  വളരെ ചെറിയ കാര്യത്തിന് പോലും അമിതമായി ആഹ്ലാദിക്കുക, നിസ്സാരകാര്യത്തിനു പോലും ദേഷ്യം വരിക, അതിവൈകാരികത, ഉറക്കമില്ലായ്മ, അടക്കാനാവാത്ത വീര്യം, ചില പ്രത്യേക സമയങ്ങളിൽ അമിതമായ ഉന്മേഷം കാണിക്കുക, അമിതമായി സംസാരിയ്ക്കുകയും ചിരിയ്ക്കുകയും ചിരിപ്പിക്കുകയും ബഹളം വയ്ക്കുകയും ചെയ്യുക,അനുസരിക്കാനും വിധേയപ്പെടാനുമുള്ള മനസില്ലായ്മ, എനിക്ക് എല്ലാ കഴിവും അറിവും ഉണ്ടെന്നുള്ള ഭാവം, മതപരമായ കാര്യങ്ങളിൽ നിന്നും പൂർണമായി വിട്ടു നിൽക്കുകയോ അമിതമായ താല്പര്യം കാണിക്കുകയോ ചെയ്യുക, അമിതമായി പണം ചെലവഴിക്കുക,  ഒരുങ്ങാനും ലഹരി ഉപയോഗിയ്ക്കാനും കറങ്ങാനും കൂട്ട് കൂടാനുമൊക്കെ ആവേശം കാണിക്കുക , തന്നെക്കൊണ്ട് കൈകാര്യം ചെയ്യാൻ കഴിയുന്നതിലും കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുക, സന്ദർഭോചിതമല്ലാത്ത പെരുമാറ്റവും അങ്ങനെ പെരുമാറുന്നു എന്നുള്ള തിരിച്ചറിവില്ലായ്മയും തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ ലക്ഷണങ്ങളിലൂടെയാണ് ബൈപോളാർ ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.

എന്നാൽ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ എല്ലാം തന്നെ ഒരുമിച്ചൊരു വ്യക്തിയിൽ പ്രകടമാകണം എന്നില്ല. എങ്ങനെയാണോ വിഷാദവും ഉന്മാദവും മാറിമാറി വരുന്നത്,  അതിനനുസൃതമായായിരിക്കും ലക്ഷണങ്ങളും പ്രകടമാകുക. ഉന്മാദം പരിധി കടക്കുമ്പോൾ പെട്ടെന്ന് ദേഷ്യപ്പെടുകയും ശാന്താവസ്ഥയിൽ ഏറെ സന്തോഷിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ഭാവമാറ്റത്തിന്റെ തീവ്രത പെട്ടെന്ന് മനസിലാക്കാൻ സാധിക്കില്ല. ചില വ്യക്തികൾക്ക് തങ്ങൾ അതിമാനുഷികരാണെന്നും പ്രത്യേക കഴിവുകൾ,സിദ്ധികൾ  എല്ലാം ഉണ്ടെന്നും ഉന്മാദാവസ്ഥയിൽ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നു.

ഉന്മാദാവസ്ഥയിൽ കൂടുതൽ ഊർജസ്വലതയോടെയാണ് കാര്യങ്ങളെ നേരിടുന്നത് എങ്കിൽ വിഷാദാവസ്ഥയിൽ നേരെ മറിച്ചാണ് സംഭവിക്കുന്നത്. പ്രത്യേകിച്ച് കാരണങ്ങളില്ലാതെയാകും ബൈപോളാർ ബാധിച്ചവരിൽ ദേഷ്യവും ക്രോധവും  പൊട്ടിപ്പുറപ്പെടുന്നത്. ഉന്മാദം നാട്ടുകാർ വരെ അറിയുന്ന വിധത്തിൽ ഉച്ചസ്ഥായിയിലാണെങ്കിൽ വിഷാദം നേരെ മറിച്ചാണ്. വിഷാദത്തിൽ വീണു പോകുന്ന വ്യക്തിപോലും തിരിച്ചറിയില്ല തനിക്കെന്താണ് സംഭവിക്കുന്നത് എന്ന്. അത്രക്ക് ദുഷ്കരമായ അവസ്ഥയാണ് അത്. ഈ അവസ്ഥയിൽ വീണു പോകുന്ന വ്യക്തികളിൽ സാവധാനം ഓജസും തേജസും നഷ്ടപ്പെടുന്നു. കാരണമറിയാത്ത വിഷാദം അവരെ ആത്മഹത്യയിലേക്ക് വരെ നയിക്കും.

ബൈപോളാറിന്റെ ലക്ഷണങ്ങളിൽ പലപ്പോഴും ഉന്മാദത്തിന്റെ ആദ്യ ഘട്ടങ്ങൾ സ്മാർട്നെസ്സ് ആയി തെറ്റിദ്ധരിക്കാം. എന്നാൽ പരിധി വിടുന്നതോടെ വ്യക്തിയ്ക്ക് സ്വയനിയന്ത്രണം നഷ്ടപ്പെടുകയും മറ്റുള്ളവർക്ക് അവരെ വിധേയപ്പെടുത്താൻ സാധിക്കാതെ വരുകയും ചെയ്യും. എല്ലാ വ്യക്തികൾക്കും സ്വനസിദ്ധമായ താളവും ടെമ്പറമെന്റും ഒക്കെ ഉണ്ട്. എന്നാൽ ചിലപ്പോഴൊക്കെ സന്ദർഭോചിതമായി പതിവ് ശൈലി വിട്ട് നാം പെരുമാറാറുണ്ട്. അങ്ങനെ പെരുമറിയാലും വളരെ പെട്ടെന്നു തന്നെ പതിവ് താളത്തിലേക്ക് സാധാരണ തിരിച്ചു വരുമെങ്കിൽ, ഈ കൂട്ടർക്ക് ദിവസങ്ങളോളവും അല്ലെങ്കിൽ ആഴ്ചകളോളവും ഈ അവസ്ഥ നിലനിൽക്കുകയും ഉറക്കത്തിന്റെ അളവ് പതിവിൽ നിന്ന് കൂടുകയോ കുറയുകയോ ചെയ്യും. (ലഹരിയുപയോഗം കൊണ്ടോ തലച്ചോറിനുണ്ടായമാറ്റങ്ങൾ കൊണ്ടോ ഹോർമോൺ വ്യതിയാനം കൊണ്ടോ  അല്ലെങ്കിൽ) മിക്കപ്പോഴും ബൈപോളാർ ഡിസൊർഡർ ആകാനുള്ള കാരണമാകും എന്നത് കൊണ്ട് ഒരു മനോരോഗവിദഗ്ദ്ധന്റെ സഹായം തേടേണ്ടതുണ്ട്. ഉന്മാദം അനുസരണക്കേടായും അഹങ്കാരമായും വിഷാദം മടിയായും ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്. കാരണമില്ലാതെയുള്ള സങ്കടം, രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ അതിയായ ക്ഷീണം, ഉറങ്ങി എഴുന്നേറ്റ് മനസിന് ഉന്മേഷം വരുമ്പോഴേക്കും മനസ്സിൽ വിഷാദം നിറയുക, മുൻപ് ചെയ്യാൻ ഇഷ്ടമുണ്ടായിരുന്ന കാര്യങ്ങളിൽ വിരക്തി എന്നിവയാണ് വിഷാദത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ഇവ പലപ്പോഴും അവഗണിക്കപ്പെടാറാണ് പതിവ്. ഇത് സാവധാനം വ്യക്തി ജീവിതത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങും.

ഇതോടൊപ്പം ഭാവിയെപ്പറ്റിയുള്ള അമിതമായ ഉത്കണ്ഠ, നല്ലതൊന്നും സംഭവിക്കില്ല എന്ന വിശ്വാസം, അതിനെത്തുടർന്നുണ്ടാകുന്ന ഭയം, ഉറക്കം കുറയുക, നേരത്തെ ഉണർന്ന് കിടക്കുക, പലപ്പോഴും ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കുക, സൗഹൃദം, ലൈംഗികത എന്നിവയിലുള്ള താല്പര്യം നഷ്ടമാകുക,  ആത്മവിശ്വാസം , ശുഭാപ്തിവിശ്വാസം എന്നിവ നഷ്ടമാകുക, താൻ എപ്പോഴും ഒറ്റയ്ക്കാണെന്നും തന്നെ സഹായിക്കാന്‍ ആരും ഇല്ലെന്നും ഉള്ള തോന്നൽ , പല കാര്യങ്ങളിലുമുള്ള അനാവശ്യകുറ്റബോധം, ചുറ്റും സംഭവിക്കുന്ന എല്ലാ മോശം കാര്യങ്ങൾക്കും സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുക, ഒരുങ്ങി നടക്കുക, കുളിക്കുക തുടങ്ങി ദിനചര്യകളിലെല്ലാം താല്പര്യം നഷ്ടപ്പെടുക,വിട്ടുമാറാത്ത തലവേദന, അവ്യക്തമായ വേദനകള്‍ , വിശപ്പില്ലായ്മ എന്നിവയെല്ലാം ബൈപോളാറിന്റെ ഭാഗമായുള്ള ലക്ഷണങ്ങളിൽ പെടുന്നു.

ചെറുപ്പത്തിലേ തുടങ്ങുന്ന ലക്ഷണങ്ങൾ

ഒരാളില്‍ ബൈപോളാർ ഡിസോർഡർ ഉണ്ടാകുന്നതിന്റെ കൃത്യമായ കാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. എന്നാല്‍ തലച്ചോറിലെ ചില ജനിതക ഘടകങ്ങളിലെ വ്യത്യാസം മൂലമാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്. പാരമ്പര്യമായി ആര്‍ക്കെങ്കിലും ഈ അവസ്ഥയുണ്ടെങ്കില്‍ ഈ അവസ്ഥ ബാധിയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉറ്റവരുടെ മരണത്തിൽ ഉണ്ടാകുന്ന മാനസികാഘാതം, ബാല്യകാലത്തിലുണ്ടായ പീഡനങ്ങൾ, ശാരീരിക അസ്വാസ്ഥ്യങ്ങൾ, ഉറക്കവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ അല്ലെങ്കിൽ ജീവിതത്തെ അമിതമായി ബാധിയ്ക്കുന്ന മറ്റ് പ്രശ്നങ്ങൾ എന്നിവയും ബൈപോളാർ ഡിസോർഡറിന് കാരണമാകും.

15 മുതൽ 25 വയസ്സുവരെയുള്ള പ്രായത്തിനിടയ്ക്കാണ് ബൈപോളാർ രോഗത്തിന്റെ ലക്ഷണങ്ങൾ പുറത്ത് വരുന്നത്. ചെറിയ പ്രായത്തിൽ തന്നെ ബൈപോളാർ ബാധിക്കുന്ന കുട്ടികൾക്ക് എളുപ്പത്തിൽ മനഃശാസ്ത്ര ചികിത്സ ലഭ്യമാക്കുകയാണെങ്കിൽ രോഗവിമുക്തി എളുപ്പത്തിൽ നേടാനാകും. സ്ത്രീകളിലും പുരുഷൻമാരിലും ഒരുപോലെ കാണുന്ന ഈ രോഗം, സ്ത്രീകളിൽ വിഷാദരോഗത്തിന്റെ റിസ്‌ക്ക് നാലിരട്ടി വർധിപ്പിയ്ക്കുന്നു. ലഹരി ഉപയോഗം, അപസ്മാരം, തൈറോയ്ഡ് സംബന്ധമായ രോഗങ്ങളൊക്കെ ഈ രോഗത്തിന് ആക്കം കൂട്ടാറുണ്ട്. ബൈപോളാർ വന്ന വ്യക്തികൾ രോഗത്തിന്റെ തീവ്രത അനുസരിച്ച് രണ്ട് വർഷമെങ്കിലും തുടർച്ചയായി മരുന്ന് കഴിക്കേണ്ടി വരും. അപസ്മാരരോഗം പോലെ അഞ്ച് വർഷക്കാലം ബൈപ്പോളാർ രോഗം വരാതിരിയ്ക്കാനുള്ള ശ്രദ്ധയും തുടർ പരിശോധനയും വേണ്ടതാണ്.

ബൈപോളാർ കണ്ടെത്തിയാൽ ഔഷധ ചികിത്സയും മനശ്ശാസ്ത്ര ചികിത്സയും ഒരേ സമയം ലഭ്യമാക്കാം. കൗൺസിലിംഗുകൾക്ക് ഒപ്പം മരുന്നും കൂടി ചെന്നാൽ മാത്രമേ ഈ അവസ്ഥയ്ക്ക് വ്യത്യാസം വരികയുള്ളൂ. സ്ട്രെസ് ഒഴിവാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും ഈ കാലയളവിൽ സ്വീകരിക്കേണ്ടതാണ്. ബൈപോളാർ അവസ്ഥകൾ തന്നെ രണ്ട് വിധമുണ്ട്. ഹാർഡ് ബൈപോളാർ, സോഫ്റ്റ് ബൈപോളാർ എന്നിങ്ങനെ രണ്ടു തരം അവസ്ഥകളാണുള്ളത്. മനുഷ്യരിലെ വൈകാരികത, ഭാവനാശക്തി, സൗന്ദര്യബോധം, ആസ്വാദനശേഷി, ഇവയൊക്കെ തന്നെ ജനിതകപരമായ ബൈ പോളാരിറ്റിയുമായ് ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഏണസ്റ്റ് ഹെമിംഗ് വേ, റോബിൻ വില്യംസ് എന്നിവരൊക്കെ ജീവിതത്തിൽ ബൈപോളാർ ഡിസോർഡർ എന്ന അവസ്ഥയിലൂടെ കടന്നു പോയവരാണ്.  മിതമായ ബൈപോളാരിറ്റി ജീവിതത്തിൽ ക്രിയാത്മകതയും കാല്പനികതയും മനോഹാരിതയുമെല്ലാം കൊണ്ട് വരും. അതിനാൽ ബൈപോളാർ ബാധിതരെ ഒറ്റപ്പെടുത്തുകയല്ല, നല്ലൊരു മാറ്റത്തിനായി ചേർത്ത് നിർത്തുകയാണ് അഭികാമ്യം.

CommentComment
ShareShare

Create your profile

0 subscriptions will be displayed on your profile (edit)

Skip for now

Only paid subscribers can comment on this post

Already a paid subscriber? Sign in

Check your email

For your security, we need to re-authenticate you.

Click the link we sent to , or click here to sign in.

TopNewCommunity

No posts

Ready for more?

© 2022 Storiyoh
Privacy ∙ Terms ∙ Collection notice
Publish on Substack Get the app
Substack is the home for great writing